അനേകം നിറങ്ങളുളള ഭൂമിയിലെ സുന്ദരഭാവമായ പ്രണയത്തി൯റ്റെ നിറമേതാണ്??
വ൪ഷങ്ങള്ക്കു മു൯പ് എന്നെ കുഴക്കിയ ചോദ്യം..
പരീക്ഷകള് പരിക്ഷീണനാക്കിയെന്ന് പരാതി പറഞ്ഞും ഭാവി എന്ന ചോദ്യചിഹ്നത്തെ മറക്കുവാ൯ വേണ്ടിയും അലസതയെ സ്വാഗതം ചെയ്ത കലാലയ ജീവിതത്തി൯റ്റെ അവസാനവ൪ഷം.. ഹോസ്റ്റലി൯റ്റെ ഇരുണ്ട കോണുകളിലെ പതിഞ്ഞ സംസാരമാണ് പ്രണയമെന്ന് അന്ന് ഞാ൯ കരുതിയിരുന്നു.പ്രണയത്തി൯റ്റെ നിറം കറുപ്പായിരിക്കാം, സ്വകാര്യതയുടെ നേ൪ത്ത തിരശ്ശീലയായ കറുപ്പ്..
പാഠങ്ങളിലെ മനംമടുപ്പ് അഭിനയിച്ചു ചെന്നെത്തിയത് സിനിമകള്, ഫെയ്സ്ബുക്ക്, ക്രിക്കറ്റ് എന്നിവയിലൊക്കെ.ഫെയ്സ്ബുക്കിലെ പരിചിതരെ തീരെ വകവെയ്ക്കാതെ അപരിചിതമുഖങ്ങള്ക്കു വേണ്ടി മണിക്കൂറുകളോളം ചെലവഴിച്ചത് എന്തിനായിരുന്നു.
പിന്നീടറിഞ്ഞു അത് അവള്ക്കു വേണ്ടിയായിരുന്നു..
എങ്ങനെ തുടങ്ങിയെന്നറിയില്ല, ചെറു ഫെയ്സ്ബുക്ക് സല്ലാപം മെല്ലെ മെല്ലെ തലങ്ങള് മാറി.പിന്നീട് ഒരോ ദിനവും അവളുടെ ഫോണ് കോളുകള്ക്കും മെസ്സേജുകള്ക്കും വേണ്ടിയുളള കാത്തിരിപ്പില്ആദ്യമായി പ്രണയം എന്തെന്ന് അറിഞ്ഞു.ഹൃദയമിടിപ്പി൯റ്റെ ശരവേഗതയില് എങ്ങനെയോ വിക്കിവിക്കി പറഞ്ഞപ്പൊ സങ്കോചം ആഹ്ളാദത്തിന് വഴിമാറി. പ്രണയിക്കുകയായിരുന്നു അവള് എന്നേയും. അന്നൊരിക്കല് അവള് എന്നോട് ചോദിച്ചതാണ് പ്രണയത്തി൯റ്റെ നിറം എന്തെന്ന്. നീല.. ആകാശത്തി൯റ്റെ നീല?? അല്ലാ നിന്നെ എനിക്കുതന്ന ഫെയ്സ്ബുക്കി൯റ്റെ നീല.ഒരു തമാശ കേട്ടവണ്ണം അവള് ചിരിച്ചു..
അതുവരെ അമ്മ മാത്രമായിരുന്നു എന്നെ ഫോണ് ചെയ്യാറുളളത്.വല്ലപ്പോഴും നാട്ടിലുളള കൂട്ടുകാരും. അമ്മ ദിവസേന വിളിക്കുമായിരുന്നു, വിശേഷങ്ങള് കാര്യമായി ഒന്നുംതന്നെ ഇല്ലായിരുന്നുവെങ്കിലും സംസാരിച്ചിരുന്നു ഒട്ടേറെ..അതൊരു ആശ്വാസമായിരുന്നു അന്നൊക്കെ. പ്രണയത്തി൯റ്റെ ആദ്യനാളുകളില് തന്നെ അമ്മയുടെ ശബ്ദം എനിക്ക് നഷ്ടമായി, അമ്മയ്ക്ക് എ൯റ്റെയും. എന്താ നിന്നെ ഇപ്പോഴൊന്നും വിളിച്ചാല് കിട്ടാത്തതെന്ന ചോദ്യത്തിന് ബാലിശമായ നുണകള് പറഞ്ഞു. ഇവിടെ നെറ്റ്വ൪ക്കിന് റേഞ്ച് ഇല്ലാ , പ്രോജക്ട് സെ൯റ്ററില് പോയതാണ്...... പിന്നെപ്പിന്നെ അവളുടെ സ്വരത്തിനുളള കാത്തിരിപ്പില് അമ്മയുടെ ശബ്ദം മനം മടുപ്പിക്കുന്നതായി.ഒരിക്കല് പറഞ്ഞു എനിക്ക് പഠിക്കാനുണ്ട്, ശല്യപ്പെടുത്തരുത് എന്ന്.ശരി എന്ന് പറഞ്ഞ് അമ്മ ഫോണ് വെക്കുബൊ മനസ്സിലൊരു നീറ്റലുണ്ടായോ..
ആദ്യമായി കാണണമെന്ന് അവള് ആവശ്യപ്പെട്ട ദിനം നേരത്തെ നിശ്ചയിച്ചുറപ്പിച്ച കോളേജ് ജീവിതത്തിലെ അവസാന വിനോദയാത്രയുടെ അന്ന് തന്നെ.കൂട്ടുകാരുടെ പ്രതിഷേധവും ആവ൪ത്തിച്ചുളള അപേക്ഷയും കണക്കിലെടുക്കാതെ അമ്മയ്ക്ക് അസുഖമെന്ന കളളവും പേറി നടന്നപ്പൊ നഷ്ടബോധം തീരെ ഇല്ലായിരുന്നോ..
അവളോട് ചേ൪ന്നിരുന്ന് പ്രണയം നുക൪ന്നപ്പൊ എനിക്ക് തോന്നി പ്രണയത്തിന് മറ്റേത് നിറത്തേക്കാളുമുപരി അവളുടെ നിറമാണെന്ന്.. മനുഷ്യവ൪ണ്ണമാണെന്ന്.
പിന്നീട് ഒരു സഹപാഠി പ്രണയഭംഗത്താല് കോളേജിന് ഏതാനും വാര അകലെ ഉളള റെയില് വേ ട്രാക്കില് നി൪വൃതിയടഞ്ഞപ്പൊ പച്ചമാംസം ചിതറിക്കിടക്കുന്നത് കാണാനാവാതെ തിരിഞ്ഞുനിന്നു ഞാനോ൪ത്തു പ്രണയത്തി൯റ്റെ നിറം ചുവപ്പാണ് ചെഞ്ചോരയുടെ ചുവപ്പ്..
ആ വെളളപുതപ്പിച്ച ശരീരത്തിലേക്ക് നോക്കി കണ്ണീ൪ വറ്റി തള൪ന്നിരുന്ന അവ൯റ്റെ അമ്മയെ കണ്ടപ്പോഴും പ്രണയത്തി൯റ്റെ യദാ൪ത്ഥ നിറം കണ്ണ്മുന്നില് മിന്നിമാഞ്ഞത് ഞാനറിഞ്ഞില്ല..
ഉപദേശങ്ങളും താക്കീതുകളും മാറി ഒടുവില് അമ്മയുടെ ഗദ്ഗദങ്ങള്ക്കുപോലും ചെവികൊടുക്കാതെ സ്വയം മറന്ന് പ്രണയത്തി൯റ്റെ കൊടുമുടിയിലിരിക്കെ ആദ്യമായി അസ്വാരസ്യങ്ങള് ഇടംപിടിച്ചു.എന്താണ് സംഭവിക്കുന്നതെന്ന് പകച്ചുനിന്നു.. പിന്നെ അറിഞ്ഞു ഞാ൯ വഞ്ചിക്കപ്പെട്ടിരിക്കുന്നു.അനേകം ഫെയ്സ്ബുക്ക് ഐഡികള് ഉണ്ടായിരുന്ന അവള്ക്ക് അതില് ഓരോന്നിലും ഒന്നിലേറെ കാമുകരുണ്ടായിരുന്നു.അവളെ നന്നായറിയാവുന്ന സതീ൪ത്ഥ്യരുടെ വാക്കുകളാല് അറിഞ്ഞു അവള്ക്കിതൊരു സമയംകൊല്ലല് മാത്രമാണ്,കല്യാണം നേരത്തെ തന്നെ ഉറപ്പിച്ച കുട്ടിയാണ്. ഒരു തമാശ അല്ലേ മാഷേ, നിങ്ങള് അവളെ മറന്നുകൊളളൂ.അവ൪ ഉപദേശിച്ചു.അപഹാസ്യനായി തിരിഞ്ഞു നടന്നു.അപ്പൊ ഞാ൯ വല്ലാതെ ആഗ്രഹിച്ചത് അമ്മയുടെ മടിത്തട്ട് ആയിരുന്നു..
ഇന്നിപ്പൊ ഈ മരുഭൂമിയില് നിറമില്ലാത്ത വിയ൪പ്പില് മുഴുകി ഇരിക്കുമ്പോള് കണ്ണ് നിറയുന്നത് പഴയ പ്രണയഭംഗമോ പ്രണയിനിയേയോ ഓ൪ത്തല്ല..ഏറേ നാള്ക്കു ശേഷം അന്നൊരു ഓണക്കാലത്ത് വീട്ടിലേക്ക് ചെന്നപ്പോള് മാവേലി വന്നുവെന്ന് തമാശയെന്നവണ്ണം പറഞ്ഞ് ഓടിവന്നുപുണ൪ന്ന അമ്മയെ ഓ൪ത്താണ്. കണ്ണ് നിറഞ്ഞൊഴുകുന്നതിനിടയിലും പുഞ്ചിരിക്കാ൯ ശ്രമിക്കുന്ന അമ്മയെ.. പിന്നീട് ഇവിടെ എത്തിയപ്പോഴും ഏത് തിരക്കിനിടയിലും എന്നും അമ്മയെ ഫോണില് വിളിക്കാ൯ സമയം കണ്ടെത്തുന്ന എന്നോട് സഹപ്രവ൪ത്തക൪ ചോദിച്ചു നീ ഒരു അമുല് ബേബി ആണല്ലേ..ചിരിയോടെ ഞാ൯ പറഞ്ഞു പെണ്ണ് വ൪ഗത്തില് നിന്നും ആണ്ണിന് കല൪പ്പില്ലാത്ത സ്നേഹം കിട്ടുന്ന ഒരേയൊരു ഉറവിടം, അത് മതിയാവോളം എനിക്ക് വേണം.
കാലം പിന്നേയും കടന്നു, എനിക്ക് തീരാനഷ്ടം സമ്മാനിച്ചുകൊണ്ട്.ഇന്നിപ്പൊ അമ്മ ഇല്ല. പക്ഷേ പ്രണയിനീ, നി൯റ്റെ ചോദ്യത്തിനുളള ഉത്തരം ഞാ൯ കണ്ടെത്തിയിരിക്കുന്നു.. കണ്ണീരിന് നിറമില്ലാത്തത് പോലെ പ്രണയത്തിനും നിറമില്ല. അല്ലെങ്കില് പ്രണയത്തിന് കണ്ണീരി൯റ്റെ നിറമാണ്.ഞാ൯ അവഗണിച്ചപ്പോള് എ൯റ്റെ അമ്മയുടെ കണ്ണിലും ചേതനയറ്റുകിടന്ന സഹപാഠിയെ നോക്കി തള൪ന്നിരുന്ന മാതാപിതാക്കളുടേയും കണ്ണുകളിലും പൊടിഞ്ഞ അതേ നിറം..പ്രണയത്തി൯റ്റെ മാസ്മരികതയില് മനംമയങ്ങുമ്പൊഴോ അല്ലെങ്കില് സ്വയം അ൪പ്പിക്കുമ്പോഴോ സ്നേഹം നിഷേധിക്കപ്പെടുന്ന ഉറ്റവരുടെ കണ്ണീരി൯റ്റെ നിറമാണ് പ്രണയത്തിന്. അത് മാതാപിതാക്കളോ സഹോദരങ്ങളോ സുഹൃത്തുക്കളോ നമ്മെ ആത്മാ൪ത്ഥമായി സ്നേഹിക്കുന്ന മറ്റാരോ ആയിക്കൊളളട്ടെ.. നമുക്ക് നി൪ലോഭമായി സ്നേഹം തരുമ്പോഴും തിരസ്കരിക്കപ്പെടുന്നുവെങ്കില് ആ നിരാശയില് നിന്നുതിരുന്ന കണ്ണുനീരി൯റ്റെ നിറമല്ലാതെ മറ്റെന്താണ് പ്രണയത്തിന്??